| Text: |
ഡയറക്ടറേറ്റ് & സംസ്ഥാനതല അറിയിപ്പുകൾ

സംസ്ഥാനതല വാർത്താക്കുറിപ്പുകൾ

ഡയറക്ടറേറ്റിൽ നിന്നും സംസ്ഥാന തലത്തിലുള്ള വിവിധ വകുപ്പുകളിൽ നിന്നും പുറപ്പെടുവിക്കുന്ന ഔദ്യോഗിക വാർത്താക്കുറിപ്പുകൾ, നയപ്രഖ്യാപനങ്ങൾ, മന്ത്രിസഭാ തീരുമാനങ്ങൾ, അടിയന്തര നിർദ്ദേശങ്ങൾ.

28 നവംബർ 2026
പൊതുവിദ്യാഭ്യാസ വകുപ്പ് 06:57 PM

തീയതി നീട്ടി

2027 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.), എസ്.എസ്.എൽ.സി. (എച്ച്.ഐ.) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുമുള്ള സമയപരിധി ഡിസംബർ രണ്ട് വരെ നീട്ടി.പി.എൻ.എക്‌സ്. 5027/2026

28 നവംബർ 2026
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 06:57 PM

ഓപ്ഷൻ സമർപ്പണം

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രൊഫഷണൽ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ & ഫാർമസി ഡിപ്ലോമാ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ ഡിസംബർ 2 നകം കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.പി.എൻ.എക്‌സ്. 5026/2026

28 നവംബർ 2026
മറ്റുള്ളവ 06:57 PM

കരാർ നിയമനം

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടൗൺ പ്ലാനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ നിന്നും വിരമിച്ചവർ ആയിരിക്കണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയ്ക്ക് സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്) തസ്തികയിൽ നിന്നും വിരമിച്ചവർ ആയിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, തപാൽ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 വിലാസത്തിൽ ഡിസംബർ 14 വൈകിട്ട് 5 നകം അപേക്ഷിക്കണം.പി.എൻ.എക്‌സ്. 5025/2026

28 നവംബർ 2026
വിവര-പൊതുജനസമ്പർക്ക വകുപ്പ് 05:36 PM

ഭാഗ്യക്കുറി സമ്മാനത്തുക നാടിന്റെ വ്യവസായ വളർച്ചയ്ക്കായി വിനിയോഗിക്കണം: ജി. സുധാകരൻ എം.എൽ.എ * ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനവും നിർവഹിച്ചു*

ഭാഗ്യക്കുറിയിലൂടെ വലിയ സമ്മാനത്തുകകൾ ലഭിക്കുന്നവർ ആ തുക കേരളത്തിൽ തന്നെ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി വിനിയോഗിക്കാൻ തയ്യാറാകണമെന്നും അത് നാടിന്റെ വികസനത്തിന് വലിയ പ്രയോജനം ചെയ്യുമെന്നും ജി. സുധാകരൻ എം.എൽ.എ പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-27 വർഷത്തെ ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967-ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഭാഗ്യക്കുറി ആരംഭിക്കാൻ മുൻകൈയെടുത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എം. എൽ. എ വ്യക്തമാക്കി. കഴിഞ്ഞ ഓണം ബമ്പർ ഉൾപ്പെടെയുള്ളവ മികച്ച രീതിയിൽ നടപ്പിലാക്കിയ ഭാഗ്യക്കുറി വകുപ്പിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ആദ്യ ടിക്കറ്റ് വിൽപ്പന നിർവഹിച്ചു. ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യാതിഥിയായിരുന്നു.25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 24 പേർക്ക് 10 ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനമായി 24 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 108 പേർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. കൂടാതെ 5,000, 2,000, 1,000, 600, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. നവംബർ 28 ശനിയാഴ്ച മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. കഴിഞ്ഞ വർഷം 10 സീരീസുകളിലായിരുന്നു ടിക്കറ്റുകൾ പുറത്തിറക്കിയിരുന്നത്, എന്നാൽ ഈ വർഷം 12 സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. 450 രൂപയാണ് ടിക്കറ്റിന്റെ വില. 2027 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിൽ  നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.എസ്. അജിത് കുമാർ,ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബെൻസി ജോസഫ്,  വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, ലോട്ടറി വ്യാപാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

28 നവംബർ 2026
വിവര-പൊതുജനസമ്പർക്ക വകുപ്പ് 05:31 PM

വികസന പദ്ധതികൾ വേഗത്തിലാക്കാൻ വകുപ്പുതല ഉദ്യോഗസ്ഥ ഏകോപനം സാധ്യമാകണം: ജില്ല വികസന സമിതിയോഗം

ജില്ലയിലെ വിവിധ വികസന പദ്ധതികൾ നീണ്ടു പോകുന്നത് ഒഴിവാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും വിവിധ വകുപ്പുതല ഉദ്യോഗസ്ഥ ഏകോപനം സാധ്യമാക്കണമെന്ന്  ജില്ലാ വികസന സമിതി യോഗത്തിൽ പൊതു നിർദ്ദേശമുയർന്നു. ജില്ലാ കളക്ടർ ഷാജി വി നായർ യോഗത്തിൽ അധ്യക്ഷനായി. പുറക്കാട് , അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും താൽക്കാലിക കുഴൽകിണർ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ മാത്തൂരിച്ചിറ  റോഡ് നിർമ്മാണത്തിനായി പരിസരത്തെ മരങ്ങൾ മുറിക്കണമെന്നും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി തർക്കം ഒഴിവാക്കാൻ ഉദ്യോഗസ്ഥ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നമടയിൽ സ്വകാര്യ കൈയ്യേറ്റം സംബന്ധിച്ച് വിവരങ്ങൾ എത്രയും വേഗം തനിക്ക് ലഭ്യമാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.പട്ടണക്കാട് മഹാദേവക്ഷേത്ര പരിസരത്ത് ജലവിതരണം തടസ്സപ്പെട്ടത് പുനസ്ഥാപിക്കണമെന്നും താൽക്കാലിക ജലവാഹക ടാങ്ക് പണിയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചേർത്തല എംഎൽഎ പി പ്രസാദ് ആവശ്യപ്പെട്ടു. ചേർത്തല ഇരുമ്പുപാല നിർമ്മാണം വേഗത്തിലാക്കണം. അപകടാവസ്ഥയിൽ തുടരുന്ന വയലാർ പാലത്തിന്റെ പുനർനിർമ്മാണത്തിനായി സർവ്വേ നടപടികൾ പൂർത്തിയാക്കണം. ചേർത്തല താലൂക്കാശുപത്രി കെട്ടിടത്തിന് ഫയർ എൻ ഒ സി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ദേശീയപാത പ്രദേശങ്ങളിൽ ജലവാഹക കുഴലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത-വാട്ടർ അതോറിറ്റി വിഭാഗങ്ങൾ തമ്മിൽ കൂടുതൽ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു.മുണ്ടക്കൽ പാലം, ചാവറ സി ബ്ലോക്ക് റോഡ് നിർമ്മാണം സംബന്ധിച്ച പശ്ചാത്തല നടപടികൾ വേഗത്തിലാക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ആവശ്യപ്പെട്ടു. കുട്ടനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട റോഡ് പുനരുദ്ധാരണ പ്രവർത്തികൾ വേഗത്തിലാക്കണമെന്നും എംഎൽഎ പറഞ്ഞു. ഭൂമി തരംമാറ്റ പ്രക്രിയ കൂടുതൽ ലളിതമാക്കണമെന്നും ഇതിനായി ലഭ്യമാക്കേണ്ട രേഖകൾ കൃത്യമായി ജനങ്ങളെ അറിയിക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.ജില്ലാ രജിസ്ട്രാർ ഓഫീസിനു സമീപം റോഡിൽ രൂപപ്പെട്ട കുഴി ഉടനെ അടയ്ക്കണമെന്നും  സർവീസ് റോഡുകളിലെ ശോച്യാവസ്ഥ എത്രയും വേഗം ദേശീയപാത അതോറിറ്റി പരിഹരിക്കണമെന്നും കെ സി വേണുഗോപാൽ എംപിയുടെ പ്രതിനിധി എ എ ഷുക്കൂർ ആവശ്യപ്പെട്ടു. തുറവൂർ കുത്തിയതോട് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്നു ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പ്രതിനിധി കെ ടി സാരഥി ആവശ്യപ്പെട്ടു.കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിട നിർമ്മാണം സംബന്ധിച്ച് നിലവിലെ പ്ലാനിലെ പോരായ്മകൾ മാറ്റി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കായംകുളം മണ്ഡലത്തിൽ ശബരിമല പാക്കേജിൽ ഉൾപ്പെട്ട റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രതിനിധി ആർ രാജേഷ് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്നുകൊടുക്കണമെന്നും മാവേലിക്കര താലൂക്കിൽ കൂടുതൽ സർവേയർമാരെ നിയോഗിക്കണമെന്നും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിൻറെ പ്രതിനിധി കെ ഗോപകുമാർ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ് ഓഫീസർ ദീപാ ശിവദാസൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

28 നവംബർ 2026
വിവര-പൊതുജനസമ്പർക്ക വകുപ്പ് 05:26 PM

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ  സെഡാൻ കാർ ലഭിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു.   അവസാന തീയതി  ഡിസംബർ 8-ന് ഉച്ച മൂന്ന് വരെ.   വിവരങ്ങൾക്ക്:  കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ആലപ്പുഴ ജില്ലാ ഓഫീസ്, എസ്.എൻ.വി. സദനം,  ന്യൂ ചാത്തനാട്, ആലപ്പുഴ -01. ഫോൺ : 0477 2965384, ഇ-മെയിൽ  – alpy.pcb@gmail.com

28 നവംബർ 2026
വിവര-പൊതുജനസമ്പർക്ക വകുപ്പ് 05:26 PM

ഗതാഗതം തടസപ്പെടും

കുമാരപുരം ഗ്രാമപഞ്ചായത്തിലെ നാരകത്തറ – കവറാട്ടു ക്ഷേത്രം റോഡിൽ ഹാർബർ വകുപ്പ് നടപ്പാക്കുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ  പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ക്ഷേത്ര കവാടത്തിന് മുന്നിലെ റോഡിൽ വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്നും  ഇതുവഴി പോകേണ്ട യാത്രക്കാർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും  ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ  അസിസ്റ്റന്റ് എഞ്ചിനീയർ   അറിയിച്ചു.

28 നവംബർ 2026
പൊതുവിദ്യാഭ്യാസ വകുപ്പ് 05:03 PM

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഓൺലൈനായി അപേക്ഷിക്കാം

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഓൺലൈനായി നവംബർ 30 മുതൽ ഡിസംബർ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസായി 1,300 രൂപയും എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം ഡിസംബർ 30ന് മുമ്പ് തിരുവനന്തപുരം എൽബിഎസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 20 രാത്രി 12ന് മുൻപ് പൂർത്തിയാക്കണം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.പി.എൻ.എക്‌സ്. 5024/2026

28 നവംബർ 2026
ആയുഷ് വകുപ്പ് 05:06 PM

സ്പോട്ട് അഡ്മിഷൻ

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സിൽ വിവിധ കോളജുകളിൽ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേക്ക് നവംബർ 30ന് അതതു കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. എൽ ബി എസ് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ/ നിലവിൽ പ്രവേശനം നേടിയവർ എൻ ഒ സി സഹിതം ഉച്ചയ്ക്ക് ഒന്നിന് മുൻപ് ബന്ധപ്പെട്ട കോളജുകളിൽ രജിസ്റ്റർ ചെയ്യണം.പി.എൻ.എക്‌സ്. 5023/2026

28 നവംബർ 2026
മറ്റുള്ളവ 05:05 PM

ഹൈക്കോടതിയിൽ ഡെപ്യൂട്ടേഷൻ

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ശമ്പള സ്‌കെയിൽ 55,200 - 1,15,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/ കേന്ദ്ര സർക്കാർ, പൊതുമേഖല അല്ലെങ്കിൽ സമാന സ്ഥാപനങ്ങളിലെ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദവും രണ്ട് വർഷത്തെ പരിചയവും/ ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവുമാണ് യോഗ്യത. 11 കെ.വി സബ്സ്റ്റേഷൻ പ്രവർത്തന പരിചയവും വർക്ക് മെഷർമെന്റ്, ബിൽ തയ്യാറാക്കൽ എന്നിവയിലെ അറിവും വേണം. യോഗ്യതാരേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി, കൊച്ചി - 682031  വിലാസത്തിൽ 2027 ജനുവരി 30നകം ലഭിക്കണം. വിവരങ്ങൾക്ക് : 0484 2562431/ asec.hc-ker@gov.in.പി.എൻ.എക്‌സ്. 5022/2026

28 നവംബർ 2026
മത്സ്യബന്ധനവും തുറമുഖവും വകുപ്പ് 05:04 PM

Kollam Port set for bigger role under Mission Samudra; Minister, Port Secretary and officials review development prospects

A high-level delegation led by Smt. Bindu Krishna, Minister for Labour, Animal Husbandry, Dairy Development, Milk Co-operatives and Women & Child Development, Port Secretary Dr. Rathan U. Kelkar IAS, and Kerala Maritime Board Chief Executive Officer and Vizhinjam International Seaport Limited Managing Director Shri Geromic George IAS visited Kollam Port today to assess its existing infrastructure and explore possibilities for its further development under Mission Samudra, the Kerala Maritime Economic Transformation Mission.The delegation also included Kollam District Collector Smt. Anie Jula Thomas IAS, Kollam Mayor Shri A. K. Hafees, Kerala Maritime Board Deputy Director Capt. Aswani Prathap K and other officials.The visit focused on examining the port's existing facilities, assessing its operational potential and identifying opportunities to strengthen its role in Kerala's maritime and logistics network. The possibilities of expanding cargo-handling activities, improving logistics infrastructure and enhancing connectivity with other ports and the hinterland were among the key areas examined.Mission Samudra, announced in the Revised Budget 2026–27, envisages transforming Kerala into an integrated maritime economic hub by bringing together Vizhinjam International Seaport, the State's 18 non-major ports and its inland-waterway network. Under this vision, Kollam is envisaged as a satellite port to Vizhinjam, with a focus on coastal cargo movement, industrial and fisheries logistics, inland-waterway connectivity and maritime tourism.Kollam Port has significant potential to serve the commercial and industrial requirements of its hinterland, including Kollam, Pathanamthitta, Alappuzha, parts of Thiruvananthapuram and Tenkasi. Its strategic location near the international shipping route and at the southern end of National Waterway-3 (West Coast Canal) offers opportunities for strengthening multimodal cargo movement.The port has two existing wharves, a stacking yard of approximately 10 acres, two transit sheds and cargo-handling equipment. The possibilities of making more effective use of these facilities, attracting regular cargo operations and developing Kollam as a logistics extension of Vizhinjam International Seaport were also assessed.The development of Kollam Port is part of Mission Samudra's broader vision of transforming Kerala's non-major ports into commercially viable maritime growth centres, complementing Vizhinjam and strengthening the State's coastal shipping and logistics ecosystem.The visit marks an important step in assessing Kollam Port's potential and identifying opportunities for its development as a significant contributor to the State's maritime economy.പി.എൻ.എക്‌സ്. 5021/2026

28 നവംബർ 2026
മത്സ്യബന്ധനവും തുറമുഖവും വകുപ്പ് 05:03 PM

മിഷൻ സമുദ്ര: കൊല്ലം തുറമുഖ വികസന സാധ്യതകൾ വിലയിരുത്തി ഉന്നതതല സംഘം

മിഷൻ സമുദ്രയുടെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസന സാധ്യതകളും നിലവിലെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായി തൊഴിൽ, വനിതാ ശിശുവികസന വകുപ്പു മന്ത്രി  ബിന്ദു കൃഷ്ണയുടെ  നേതൃത്വത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറുമായ  ജെറോമിക് ജോർജ് എന്നിവരുൾപ്പെട്ട ഉന്നതതല സംഘം  സന്ദർശനം നടത്തി.കൊല്ലം തുറമുഖത്തെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ചരക്കുനീക്കവും കൈകാര്യം ചെയ്യലും വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമാണ് സന്ദർശനം നടത്തിയത്. തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ് തുറമുഖങ്ങളുമായും ഉൾനാടൻ ഗതാഗത ശൃംഖലയുമായും ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ സാധ്യതകളും സംഘം വിലയിരുത്തി.കേരളത്തെ സമഗ്രമായ മാരിടൈം സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ചുവർഷത്തെ പദ്ധതിയാണ് മിഷൻ സമുദ്ര. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, സംസ്ഥാനത്തെ 18 ചെറുകിട തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗത ശൃംഖല എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉപഗ്രഹ തുറമുഖമായി കൊല്ലത്തെ വികസിപ്പിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. തീരദേശ ചരക്കുനീക്കം, വ്യവസായ-മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ, ഉൾനാടൻ ജലഗതാഗത ബന്ധം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങൾ, തമിഴ്നാട്ടിലെ തെങ്കാശി എന്നിവ ഉൾപ്പെടുന്ന വിശാലമായ പിന്നാമ്പുറ മേഖലയ്ക്ക് ചരക്കുഗതാഗത സൗകര്യമൊരുക്കാൻ കൊല്ലം തുറമുഖത്തിന് വലിയ സാധ്യതകളുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാൽ പാതയ്ക്ക് സമീപമുള്ള സ്ഥാനവും ദേശീയ ജലപാത മൂന്നിന്റെ (വെസ്റ്റ് കോസ്റ്റ് കനാൽ) തെക്കേ അറ്റത്തുള്ള സ്ഥിതിയും തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ വാണിജ്യപരമായി പ്രയോജനപ്രദമായ സമുദ്രവികസന കേന്ദ്രങ്ങളാക്കി മാറ്റുകയും വിഴിഞ്ഞം തുറമുഖത്തിന് പൂരകമായി സംസ്ഥാനത്തിന്റെ തീരദേശ ചരക്കുഗതാഗത-ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് കൊല്ലം തുറമുഖ വികസനം. നിലവിലുള്ള രണ്ട് വാർഫുകൾ, ഏകദേശം പത്ത് ഏക്കർ വിസ്തൃതിയുള്ള ചരക്ക് സംഭരണ യാർഡ്, രണ്ട് ട്രാൻസിറ്റ് ഷെഡുകൾ, ചരക്കുനീക്കത്തിനുള്ള ഉപകരണങ്ങൾ എന്നിവയുടെ കൂടുതൽ ഫലപ്രദമായ വിനിയോഗത്തിനുള്ള സാധ്യതകളും വിലയിരുത്തി. സ്ഥിരമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോജിസ്റ്റിക്സ് വിപുലീകരണ കേന്ദ്രമായി കൊല്ലത്തെ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും സന്ദർശനത്തിന്റെ ഭാഗമായി പരിശോധിച്ചു.കൊല്ലം ജില്ലാ കളക്ടർ  ആനി ജൂല തോമസ്, മേയർ എ. കെ. ഹഫീസ്, കേരള മാരിടൈം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ് കെ. എന്നിവരും വിവിധ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.പി.എൻ.എക്‌സ്. 5021/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

ഭിന്നശേഷി ദിനാഘോഷം ഡിസംബർ 3ന്; പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 30നകം അറിയിക്കണം

സംസ്ഥാന ഭിന്നശേഷി ദിനാഘോഷം ഡിസംബർ 3ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയിൽ സദസ്യരായി പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 30നകം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അറിയിക്കണം. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് അറിയിപ്പ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2343241.

27 നവംബർ 2026
പൊതുഭരണം 12:00 AM

സ്റ്റൈപ്പന്റ്: 10 വരെ അപേക്ഷിക്കാം

നാടൻകലകളിൽ പരിശീലനം നേടുന്നതിന് 10 മുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റ് നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. അപേക്ഷാഫോറവും നിയമാവലിയും www.keralafolklore.org ൽ ലഭ്യമാണ്. പി.എൻ.എക്‌സ്. 5011/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ LC/AI വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക നിയമനത്തിന് ഡിസംബർ 1 രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ NAC ഒരു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ NTC മൂന്നു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30ന് ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരാകണം. ഈ വിഭാഗത്തിന്റെ അഭാവത്തിൽ അടുത്ത ടേണായ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോൺ: 0470 2622391. പി.എൻ.എക്‌സ്. 5005/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

കരാർ നിയമനം

തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളജ് ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിൽ അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസറുടെ കരാർ നിയമനത്തിന് ഡിസംബർ രണ്ട് രാവിലെ 9.30ന് ഈസ്റ്റേൺ ആൽഫി ഹാളിൽ പരീക്ഷ/ അഭിമുഖം നടക്കും. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: www.gectcr.ac.in. പി.എൻ.എക്‌സ്. 5003/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

എം.പി.എച്ച് സ്‌പോട്ട് അലോട്ട്‌മെന്റ്

2026-ലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിൽ നവംബർ 30 രാവിലെ 10ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364. പി.എൻ.എക്‌സ്. 5002/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

നിയമസഭ മൂന്നാം സമ്മേളനം നവംബർ 30 ന് ആരംഭിക്കും

പതിനാറാം കേരളം നിയമസഭയുടെ മൂന്നാം സമ്മേളനം  നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരുമെന്ന് നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഒൻപത് ദിവസമാണ് സഭ ചേരുന്നത്. എട്ടു ദിവസം നിയമനിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും വിനിയോഗിക്കും. ദ കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (അമെൻഡ്‌മെന്റ്), 2026-ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി (സൗകര്യം ഒരുക്കലും വികസനവും), 2026-ലെ കേരള സിദ്ധാർഥൻ റാംഗിംഗ് നിരോധനവും വിദ്യാർഥി ക്ഷേമവും, 2026- ലെ കേരള കായിക താരങ്ങളുടെ ക്ഷേമവും കായികവികസനവും ഭരണനിർവഹണവും ഉൾപ്പെടെ ഒൻപത് ബില്ലുകൾ പരിഗണിക്കും. നിയമനിർമാണത്തിനു വേണ്ടി മാത്രമാണ് രണ്ടാം സമ്മേളനം ചേർന്നത്. രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിന് ശേഷം നിയമനിർമാണത്തിന് മാത്രം മൂന്നാം സമ്മേളനവും ചേരുന്നു എന്ന പ്രത്യേകതയുണ്ട്. സമ്മേളന കാലത്ത് നിയമസഭയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലെ വർധനവ് മൂലം സുരക്ഷാപ്രശ്നം ഒഴിവാക്കുന്നതിന് ചില ക്രമീകരണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരെ കാണാനെത്തുന്ന സന്ദർശകർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ് നൽകും. പാസുള്ളവർക്ക് അതത് സ്ഥലത്ത് മാത്രമാകും പ്രവേശനം. എല്ലാ സൗകര്യവും നിലനിർത്തി ചില നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ശൂന്യവേളയിൽ സന്ദർശകരെ പ്രോൽസാഹിപ്പിക്കില്ല. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക നിയന്ത്രണമുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പി.എൻ.എക്‌സ്. 5001/2026

27 നവംബർ 2026
പൊതുഭരണം 12:00 AM

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാം;  ഓൺലൈനായി അപേക്ഷിക്കാം

  തിരുവനന്തപുരം എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. https://app.srccc.in/register മുഖേന അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്:  www.srccc.in  അവസാന തീയതി:  ഡിസംബർ 31.  ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ആലപ്പി മാർഷ്യൽ ആർട്സ് ആൻഡ് യോഗ അക്കാദമി, കിഴക്കേത്തയ്യിൽ, അവലൂക്കുന്ന് പി.ഒ., കോമളപുരം, ആലപ്പുഴ – 688006 ഫോൺ നമ്പർ: 8943995219.  പ്രാണ സ്കൂൾ ഓഫ് യോഗ, മംഗലശ്ശേരിൽ, ചേരാവള്ളി, കായംകുളം, ആലപ്പുഴ, ഫോൺ നമ്പർ: 949752917

27 നവംബർ 2026
പൊതുഭരണം 12:00 AM

ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ  ഭാഗ്യക്കുറി  ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനവും ഇന്ന് (നവംബർ 28)

   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-27 വർഷത്തെ ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനവും വിതരണ ഉദ്ഘാടനവും ഇന്ന്  (നവംബർ 28 ശനിയാഴ്ച) ഉച്ച മൂന്നിന്  ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. ജി. സുധാകരൻ എം.എൽ.എ ടിക്കറ്റ് പ്രകാശനവും ഉദ്ഘാടനവും നിർവഹിക്കും. എ ഡി തോമസ്  എം എൽ എ അധ്യക്ഷനാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തും. ആലപ്പുഴ ജില്ലാ കളക്ടർ ഷാജി. വി. നായർ ചടങ്ങിൽ സംബന്ധിക്കും.  ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.എസ്. അജിത് കുമാർ സ്വാഗതം ആശംസിക്കും. ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  മോളി ജേക്കബ്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജില്ലാ കോടതി വാർഡ് കൗൺസിലർ ഷേർളി ആന്റണി എന്നിവർ ആശംസകൾ അർപ്പിക്കും.  വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, ലോട്ടറി വ്യാപാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.